ഭരിക്കേണ്ടത് എങ്ങനെയെന്ന് പിണറായിയെ കണ്ട് പഠിക്ക് യോഗി; വീണ്ടും ‘ഫാന്‍ ബോയ്’ തരൂര്‍

തിരുവനന്തപുരം: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ ഒന്നാമത്തെത്തിയ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കില്‍ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവര്‍ വലിച്ചു താഴെയിടും- ശശി തരൂര്‍ കുറിച്ചു. ആരോഗ്യ സുരക്ഷ എന്തെന്ന് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ 2017ലെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയുടെ തലക്കെട്ടും തരൂര്‍ ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു.

നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

Top