നീതി ആയോഗ് ആസൂത്രണ കമ്മിഷന് പകരം ആകുന്നില്ല; പ്രവര്‍ത്തനം നിരാശാജനകം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ രാഷ്ട്രപതിഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ആസൂത്രണ കമ്മിഷന് പകരം 2014ല്‍ വന്ന നീതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും, ആസൂത്രണ കമ്മിഷന് പകരമാകാന്‍ ഇതിന് കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ആസൂത്രണ കമ്മിഷനില്‍ നിന്ന് നീതി ആയോഗിലേക്കുള്ള മാറ്റം കേരളത്തിന് പഞ്ചവത്സര പദ്ധതികളില്‍ ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ് ഇല്ലാതാക്കി. പ്രളയ സമയത്ത് വിദേശ സഹായം തേടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ തടസമായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

15ാംധനകാര്യ കമ്മീഷന്റെ പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച് കേരളം പങ്കുവച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം. കേന്ദ്രതലത്തില്‍ പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതിന് ശേഷമുള്ള കേന്ദ്രപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് സംസ്ഥാന ഗവണ്‍മെന്റ്കളുടെ ധനകാര്യ ശേഷി കുറയുന്നതിന് കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമിതിയുടെ അഞ്ചാമത്തെ യോഗമാണ് ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തു.

Top