കഴുത്തറുക്കാന്‍ ഒരാഴ്ചത്തെ ഒരുക്കം, പ്രണയക്കൊല ഇന്റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടെന്ന് കുറ്റപത്രം

പാലാ: പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്നൈയിലെ ഒരു പ്രണയക്കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നതായി പൊലീസിന്റെ കുറ്റപത്രം.

തലയോലപ്പറമ്പ് കുറുന്തറയില്‍ കളപ്പുരയ്ക്കല്‍ കെ.എസ്.ബിന്ദുവിന്റെ മകള്‍ നിതിനമോള്‍ (22) കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിന് (20) എതിരെ നല്‍കിയ കുറ്റപത്രത്തിലാണ് വിവരങ്ങള്‍. പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്.

മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴുത്തറുക്കാനായി അഭിഷേക് ബൈജു ഒരാഴ്ചത്തെ ഒരുക്കം നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. 80 പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും അനുബന്ധമായി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. 84-ാം ദിവസമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനി നിതിനമോളെ കോളജ് ക്യാംപസിനുള്ളില്‍ സഹപാഠി അഭിഷേക് ബൈജു കൊലപ്പെടുത്തിയെന്നാണ് കേസ്. ബിവോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി കോഴ്‌സിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ഒക്ടോബര്‍ ഒന്നിനു രാവിലെ 11.20നായിരുന്നു സംഭവം.

Top