കൊച്ചി കപ്പല്‍ നിര്‍മ്മാണശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്ത്; നിതിന്‍ ഗഡ്കരി

Nithin Gadkari

കൊച്ചി:മൂലധനമില്ലെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നു കേന്ദ്ര ഷിപ്പിങ്-ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വികസനമുണ്ടായില്ലെങ്കില്‍ തൊഴില്‍ അവസരങ്ങളുമുണ്ടാകില്ല. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. പക്ഷേ, വികസന പദ്ധതികള്‍ നടപ്പാക്കാന്‍ മൂലധനം ആവശ്യമാണ്. കപ്പല്‍ശാല ഓഹരിവില്‍പനയിലൂടെ നേടിയ തുക ഉപയോഗിച്ചാണു വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത്. കപ്പല്‍നിര്‍മാണ വ്യവസായത്തില്‍ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്കു വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് കൊച്ചിയില്‍ സജ്ജമാകുന്നതോടെ വിഹിതം 2 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ഇന്ത്യയിലെ കപ്പല്‍നിര്‍മാണ വ്യവസായത്തിനു കഴിയണം. സീ പ്ലെയ്ന്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കണം. ഇന്ത്യക്കു വലിയതോതിലുള്ള വളര്‍ച്ചാ സാധ്യതകളുണ്ടെങ്കിലും ഉയര്‍ന്ന ചരക്കു ഗതാഗതച്ചെലവു തിരിച്ചടിയാണ്. ലീറ്ററിന് 22 രൂപ മാത്രം വിലയുള്ള മെഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ ഇന്ധനച്ചെലവിലും കടത്തുകൂലിയിലും വലിയ ലാഭം ഉണ്ടാകും.

1972ല്‍ കൊച്ചി കപ്പല്‍ശാലയുടെ നിര്‍മാണത്തിനായി സെമിത്തേരി പോലും മാറ്റി സ്ഥാപിച്ച ചരിത്രമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ വികസന കാര്യത്തില്‍ ചിലയിടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. കപ്പല്‍ശാലയുടേതു പോലൊരു ഭൂതകാലം എല്ലാവരും ഓര്‍ക്കേണ്ടതാണ്. ഉള്‍നാടന്‍ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സര്‍ക്കാര്‍ നല്‍കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ഷിപ്പിങ് മേഖലയില്‍ കേരളത്തിനു വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top