മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയ പാത ഉദ്യോഗസ്ഥര്‍ക്ക് ഗഡ്കരിയുടെ ശാസന

ന്യൂഡല്‍ഹി: ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഗഡ്കരിയുടെ ശകാരം.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിര്‍ദേശത്തില്‍ തീരുമാനങ്ങള്‍ വൈകുന്നതിലാണ് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചത്. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് വീണ്ടും ഒരേ ആവശ്യവുമായി ഡല്‍ഹിയിലെത്തേണ്ടി വന്നത് അപമാനകരമാണെന്നും ഗഡ്കരി പറഞ്ഞു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. പ്രധാനമായും കേരളത്തിന്റെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ 1.45 ഓടെയാണ് ഗഡ്കരി ഓഫീസിലെത്തിയത്. തുടര്‍ന്ന് കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രി കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു.

മുഖ്യമന്ത്രി സമര്‍പ്പിച്ച നിവേദനത്തില്‍ കേരളം നേരത്തെ മൂന്ന് തവണ ആവശ്യപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.ദേശീയപാത വികസനത്തില്‍ കേരളത്തില്‍ ഭൂമിക്ക് വില കൂടുതലാണെന്നും അതിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഒരാവശ്യം. എന്നാല്‍ ഇതില്‍ നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഈ വിഷയം നിവേദനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം കണ്ടതോടെയാണ് നിതിന്‍ ഗഡ്കരി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാത്തതെന്ന് മന്ത്രി ചോദിച്ചു. ഇത്തരത്തിലുള്ള അലംഭാവം അംഗീകരിക്കില്ലെന്നും സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.തുടര്‍ന്ന് വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടി എടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പുനല്‍കി.

Top