ഇന്ധനവില കൂടാന്‍ കാരണം റഷ്യ ഉക്രൈന്‍ യുദ്ധമാണെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ യുക്രൈന്‍ സംഘര്‍ഷമാണെന്ന്   കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇന്ധനത്തിന്റെ 80%വും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

2004 മുതല്‍  ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമമാണ്  താന്‍ നടത്തുന്നത്. ഇതിന് രാജ്യത്തിന്‌ ആവശ്യമായ ഇന്ധനം സ്വയം ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ,  ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഫ്‌ളെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്, അവ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വർധനയാണ് ഈ വർദ്ധനവ്. മാർച്ച് 22 മുതൽ മൂന്ന് തവണയുള്ള വർദ്ധനയോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 2.40 രൂപയാണ് വർദ്ധിച്ചത്.

Top