Nithin Gadkari – kerala development

തിരുവനന്തപുരം: കേരളത്തില്‍ മാറിമാറി അധികാരത്തിലിരുന്ന സര്‍ക്കാരുകളുടെ വികസന വിരുദ്ധ നിലപാടാണ് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തിരുവനന്തപുരം കേസരി ഹാളില്‍ ‘വോട്ടുകാര്യം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മയും ദാരിദ്യവും പരിഹരിക്കാനുതകുന്ന സാമ്പത്തിക നയങ്ങള്‍ ഉണ്ടാവണം. മദ്ധ്യപ്രദേശിലെയും ഗുജറാത്തിലെയും കാര്‍ഷിക നയങ്ങള്‍ കേരളം മാതൃകയാക്കണം.

കേരളത്തില്‍ തുറമുഖ വികസനത്തിനും ടൂറിസത്തിനും അനന്ത സാദ്ധ്യതകളുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്തുന്നില്ല. കേരളത്തില്‍ വികസന രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബി.ജെ.പിക്കാവും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ ഭരണരംഗത്ത് ബി.ജെ.പി നിര്‍ണയ ശക്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.

വികസനം സംബന്ധിച്ച് സര്‍ക്കാരുകളുടെ നയങ്ങളാണ് മാറേണ്ടത്. ബി.ജെ.പി ഊന്നല്‍ നല്‍കുന്നത് കാര്‍ഷികമേഖലയിലും അടിസ്ഥാനസൗകര്യ വികസനങ്ങളിലുമാണ്. ബി ജെ പി അധികാരത്തിലെത്തുമ്പോള്‍ പ്രതിദിനം രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചിരുന്നത് ഇന്ന് 20കിലോമീറ്ററായി .

ഭാവിയില്‍ അത് 30 കിലോമീറ്റര്‍ ആക്കും. ജലഗതാഗതത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. രാജ്യത്തെ 111 നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള ജലഗതാഗതപദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ തുച്ഛമായ നിരക്കില്‍ ചരക്കുനീക്കം സാദ്ധ്യമാവും.

കര്‍ഷക ആത്മഹത്യകള്‍ പ്രധാന പ്രശ്‌നമാണ്. കാര്‍ഷിക സംസ്ഥാനങ്ങളില്‍ വേണ്ടത്ര ജലസേചനപദ്ധതികള്‍ ഇല്ലാത്തതാണ് മുഖ്യവെല്ലുവിളി . ഇത് മറികടക്കാന്‍ ചരിത്രത്തിലാദ്യമായി ബഡ്ജറ്റില്‍ വകയിരുത്തിയത് 80,000 കോടിയാണ്.

ചെക്ക് ഡാമുകള്‍ വ്യാപകമായി നിര്‍മിക്കും. കാര്‍ഷികമേഖലയുടെ പുരോഗതിയിലൂടെയും തൊഴില്‍സംരംഭങ്ങളിലൂടെയും മാത്രമേ രാജ്യത്തെ ദാരിദ്‌റ്യം അവസാനിപ്പിക്കാനാവൂ എന്നും ഗഡ്കരി പറഞ്ഞു.

അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ വൈകാരിക രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസിന്റെ പണ്ടേയുള്ള തന്ത്‌റമാണ്. എന്നാല്‍ ഈ തന്ത്രത്തിന്റെ കാലം കഴിഞ്ഞു. അഗസ്റ്റ ഹെലികോപ്ടര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ സോണിയാ ഗാന്ധിക്കെതിരെ ഇത്രയുംകാലം ഒന്നും പറഞ്ഞില്ല.

പറഞ്ഞത് ഇറ്റലിയിലെ കോടതിയാണ്. ഇതിന് ബിജെപിയെ പഴിക്കുന്നതെന്തിന്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ അന്വേഷിക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല.

Top