ഇന്ദിരാഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുന്‍ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടിയിലെ പുരുഷ നേതാക്കളേക്കാല്‍ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ഗഡ്കരി അറിയിച്ചു.

വനിതാ സംവരണത്തിന് എതിരല്ല. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് എതിരഭിപ്രായമാണുള്ളതെന്നും ഗഡ്കരി പറഞ്ഞു.

സ്ത്രീ സംവരണത്തിന്റെ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകളാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീസംവരണം അത്യാവശ്യമാണെന്നും എന്നാല്‍ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല, അറിവിന്റെ അടിസ്ഥാനത്തിലാകണം മികച്ച പ്രകടനം കാഴ്ച വയ്‌ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നാഗ്പൂരില്‍ വനിതാ സ്വയം സഹായ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.

Top