ജയം കോണ്‍ഗ്രസ്സിന്റെ വെറും സ്വപ്നം; അടുത്ത ലക്ഷ്യം കേരളവും ബംഗാളുമെന്ന് ഗഡ്കരി

gadkari

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് 2019-ലെ വിജയം നടക്കാത്ത സ്വപ്നമാണെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പരാജയപ്പെടുകയാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടം കൊയ്തതെന്നും ഇനി അടുത്ത ലക്ഷ്യം കേരളവും ബംഗാളും പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ്സ് ക്ഷയിച്ചു വരികയാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ ബിജെപി അധികാരം നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോയെന്നും, ഇതു വരെ ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ഒന്നു തന്നെ ചെയ്തില്ലെന്ന ബിജെപിയുടെ പരമാര്‍ശം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയുന്നതാണെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ പ്രസ്താവനകളെയാണ് സോണിയാ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ പ്രശസ്തി നേടുന്നതിനു വേണ്ടിയല്ല താന്‍ ഇതു പറയുന്നതെന്നും മറിച്ച് രാജ്യം കഴിഞ്ഞ കാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ അനേകരുടെ പരിശ്രമുണ്ടെന്ന് വിസ്മരിക്കരുതെന്നും സോണിയാ കൂട്ടിച്ചേര്‍ത്തിരുന്നു.

Top