നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും; ആതിരയെ അറിയിക്കാനാവാതെ ബന്ധുക്കള്‍

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലാകും മൃതദേഹം എത്തിക്കുക. നിതിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം, നിതിന്റെ വിയോഗം ആതിരയെ എങ്ങനെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ സുപ്രീം കോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന്‍ ചന്ദ്രനും. ഇതിനെ തുടര്‍ന്ന് വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടില്‍ എത്തിയിരുന്നു. അതേസമയം, നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.

പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്. എന്നാല്‍ മരണവിവരം അറിയിക്കാതെ പ്രസവത്തിനു മുമ്പുള്ള പരിശോധനയെന്ന പേരില്‍ ബന്ധുക്കള്‍ ആതിരയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്. ഒരുവര്‍ഷംമുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Top