കായികരംഗത്ത് സ്വാധീനമുള്ള 10 സ്ത്രീകള്‍; ടെന്നീസ് സൂപ്പര്‍താരത്തിനൊപ്പം നിതാ അംബാനിയും!

ലോകത്തില്‍ കായിക രംഗത്ത് സ്വാധീനമുള്ള 10 വനിതകളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീം ഫ്രാഞ്ചൈസി ഉടമ നിതാ അംബാനിയും. ടെന്നീസ് സൂപ്പര്‍താരം സെറീനാ വില്ല്യംസും, ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സും ഉള്‍പ്പെടെയുള്ളവരാണ് 2020ലെ കായിക രംഗത്തെ അതികായകര്‍.

സ്‌പോര്‍ട്‌സ് ബിസിനസ്സ് ശൃംഖലയായ ഐസ്‌പോര്‍ട്ട്കണക്ടാണ് 2020ലെ കായികരംഗത്തെ സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്തുവിട്ടത്. ’25 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ശേഷം തയ്യാറാക്കിയ പട്ടികയില്‍ ഞങ്ങളുടെ വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ ടോപ്പ് 10 പട്ടികയാണ് തയ്യാറാക്കിയത്’, അവര്‍ പറഞ്ഞു.

ഗ്ലോബല്‍ സെയില്‍സ് ടെല്‍സ്ട്രാ അന്നാ ലോക്ക്‌വുഡ്, വൈ സ്‌പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും, വുമണ്‍ ഇന്‍ സ്‌പോര്‍ട്ട് മുന്‍ ചെയറുമായ സാലി ഹാന്‍കോക്, ഐസിസി മുന്‍ മീഡിയ റൈറ്റ്‌സ് മേധാവി ആര്‍തി ദാബാസ്, ഐസ്‌പോര്‍ട്ട് കണക്ട് സിഇഒ ശ്രീ വര്‍മ്മ എന്നിവര്‍ അടങ്ങിയതാണ് പാനല്‍. ‘ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യന്‍സിനെ നയിച്ചത് നിതാ അംബാനിയാണ്. കൂടാതെ രാജ്യത്തെ വിവിധ കായിക പദ്ധതികളിലും ഇവര്‍ ഉള്‍പ്പെടുന്നു’, പാനല്‍ വ്യക്തമാക്കി.

ലോകത്തിലെ മഹത്തായ അത്‌ലറ്റുകളില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനെയും, മനസ്സ് തുറന്ന് സംസാരിക്കാന്‍ ഭയമില്ലാത്ത സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന വ്യക്തിയായി ഫുട്‌ബോളര്‍ മെഗാന്‍ റാപിനോയി എന്നിവരും പട്ടികയിലുണ്ട്. ടെന്നീസ് താരം സെറീനാ വില്ല്യംസ്, നവോമി ഒസാക, ഫോര്‍മുല 1 മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എല്ലി നോര്‍മാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

ഇന്ത്യയിലെ ധനികന്‍ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത. ഇവരുടെ മുംബൈ ഇന്ത്യന്‍സ് ടീം നാല് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

Top