നിസ്സാന്‍ മൈക്രയുടെ ഫാഷന്‍ എഡിഷന്‍ കമ്പനി നാളെ അവതരിപ്പിക്കും

ന്യൂഡല്‍ഹി: നിസ്സാന്‍ മൈക്രയുടെ ഫാഷന്‍ എഡിഷന്‍ കമ്പനി നാളെ അവതരിപ്പിക്കും.

ആഗോള ഫാഷന്‍ ബ്രാന്‍ഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനെട്ടണുമായി ചേര്‍ന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുതിയ എഡിഷന്‍ വിപണിയിലെത്തിക്കുന്നത്.

‘റണ്‍സ് ഫോര്‍ ഫാഷന്‍’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചായിരിക്കും നിസ്സാന്‍ മൈക്രയുടെ ഫാഷന്‍ എഡിഷന്‍ വിപണനം ചെയ്യുന്നത്.

ഇന്ത്യയില്‍ മികച്ച വിജയംകണ്ട നിസ്സാന്‍ മോഡലുകളിലൊന്നാണ് മൈക്ര.

മാത്രമല്ല, വലിയതോതില്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈയിടെ യൂറോപ്യന്‍, യുകെ വിപണികളില്‍ അവതരിപ്പിച്ച പുതു തലമുറ നിസ്സാന്‍ മൈക്ര ഇന്ത്യയിലെത്തില്ല.

2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ 80,038 യൂണിറ്റ് നിസ്സാന്‍ മൈക്രയാണ് വിറ്റത്. 70,665 യൂണിറ്റ് കയറ്റുമതിയും ചെയ്തു.

നിസ്സാന്‍ മൈക്രയുടെ ഫാഷന്‍ എഡിഷന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. എക്സ്റ്റീരിയര്‍ ബോഡിയിലും ഇന്റീരിയറില്‍ ചില ചെറിയ മാറ്റങ്ങളും മാത്രമേ കാണാന്‍ കഴിയൂ.

നിസ്സാന്‍ മൈക്ര തുടര്‍ന്നും 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കും.

പെട്രോള്‍ വേരിയന്റുകളില്‍ സിവിടി ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.34 കിലോമീറ്ററും ഡീസല്‍ വേരിയന്റുകള്‍ക്ക് 23.08 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. നിസ്സാന്‍ മൈക്രയുടെ ടോപ് വേരിയന്റുകളില്‍ മാത്രമേ ഫാഷന്‍ എഡിഷന്‍ പുറത്തിറക്കാന്‍ സാധ്യതയുള്ളൂ.

Top