നിസ്സാന്റെ ഇന്ത്യന്‍ കിക്ക്‌സ് വിപണിയിലേയ്ക്ക്; വിപണിയില്‍ മത്സരം മുറുകുന്നു

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ പുതിയ കോംപാക്ട് എസ്.യു.വി കിക്ക്‌സ് ഇന്ത്യയില്‍. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ സ്‌പെക്ക് കിക്ക്‌സ് നിരത്തിലെത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ കിക്ക്‌സ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും.

നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്‌സിന്റെ സ്ഥാനം. വിദേശ കിക്ക്‌സിനെക്കാള്‍ നീളവും വീതിയും ഇന്ത്യന്‍ കിക്ക്‌സിനുണ്ട്. പ്ലാറ്റ്‌ഫോമിനും മാറ്റമുണ്ട്. റെനോ ഡസ്റ്റര്‍, കാപ്ച്ചര്‍ എന്നിവയ്ക്ക് ജന്‍മം നല്‍കിയ ആം പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യന്‍ കിക്ക്‌സിന്റെയും നിര്‍മാണം. ഇത് വില കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ കോംപാക്ട് എസ്.യു.വി വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റയാണ് കിക്ക്‌സിന്റെ മുഖ്യ എതിരാളി.

ക്രോം ആവരണത്താലുള്ള ഹണികോംബ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, 5 സ്‌പോക്ക് മെഷീന്‍ഡ് അലോയി വീല്‍, ബൂമറാങ് ടെയില്‍ലാമ്പ്, മുന്നിലെയും പിന്നിലെയും സ്‌പോര്‍ട്ടി ബംമ്പര്‍ എന്നിവ വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കും. യാത്രക്കാര്‍ക്ക് നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ചു സീറ്റര്‍ എസ്.യു.വിയാണ് കിക്ക്‌സ്. 8.0 ഇഞ്ചാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്.

4383 എംഎം നീളവും 1813 എംഎം വീതിയും 1656 എംഎം ഉയരവും 2673 എംഎം വീല്‍ബേസുമാണ് കിക്ക്‌സിനുള്ളത്. വിദേശ കിക്ക്‌സിന്റെ എന്‍ജിനും ഇന്ത്യന്‍ കിക്ക്‌സ് ഉണ്ടാകില്ല. ടെറാനോയില്‍ ഉള്‍പ്പെടുത്തിയ പെട്രോള്‍, ഡീസല്‍ എന്‍ജിനാകും കിക്ക്‌സിനെയും നയിക്കുക. ടെറാനോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 83.14 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 148 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. കിക്ക്‌സിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത വര്‍ഷം ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കൂ.

Top