20 ലക്ഷം കോടി രൂപയുടെ പാക്കേജ്, വിശദാംശം വൈകീട്ട് നാലിന് ; പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും.കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും പ്രഖ്യാപിക്കുക.

രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10%തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്.

പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നല്‍കാനുമള്ള ടാസ്‌ക് ഫോഴ്‌സിനെ നയിക്കുകയും ചെയ്യുന്ന നിര്‍മല സീതാരാമന്‍ ഇന്നു മുതല്‍ അറിയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്ക് പാക്കേജില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് കരുതുന്നത്. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യ-യെ ശക്തിപ്പെടുത്തുന്നാകും സാമ്പത്തിക പരിഷ്‌കരണം.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് യുകെ മാതൃകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൊഴില്‍ വ്യാപാര മേഖലയേയും ആരോഗ്യമേഖലയേയും ഉത്തേജിപ്പിക്കുന്നതിനായി മാര്‍ച്ചില്‍ യുകെയില്‍ പ്രഖ്യാപിച്ച 27 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനു സമാനമാണ് മോദിയുടെ സാമ്പത്തിക ഉത്തേജക പാക്കേജെന്നാണ് വിലയിരുത്തല്‍.

Top