ദേശീയപാതയ്ക്കായി കേരളത്തിന് 65000 കോടി; മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടിയും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിൽ ദേശീയപാത പദ്ധതിക്കായി ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായാണ് കേരളത്തിന് 65000 കോടി രൂപ അനുവദിച്ചിരിക്കുന്നത്.മുംബൈ-കന്യാകുമാരി ഇടനാഴിയ്ക്കും കൊല്ലം-മധുരൈ ഇടനാഴിയ്ക്കും ബജറ്റില്‍ അനുമതി നല്‍കി. മധുര – കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതിയാണ് അനുവദിച്ചത്. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപയും അനുവദിച്ചു.

കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയാണ് കേന്ദ്രവിഹിതമായി അനുവദിച്ചത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റർ ദൂരം) 63246 കോടി, ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി, നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി എന്നിങ്ങനെയാണ് കേന്ദ്രം നീക്കി വെച്ച തുകകൾ. അതേസമയം ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു നീക്കാൻ സ്ക്രാപ്പിംഗ് പോളിസിയും പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണമെന്നും ബജറ്റിൽ വ്യക്തമാക്കി.

Top