യുപിഎ ഭരണത്തെ ‘നല്ല ഡോക്ടര്‍മാര്‍’ ചികിത്സിച്ച് ധനകമ്മി റെക്കോര്‍ഡായി; നിര്‍മല ‘റോക്‌സ്’

കോണ്‍ഗ്രസ് നേതാവും, മുന്‍ ധനമന്ത്രിയുമായി പി.ചിദംബരത്തിന് മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുപിഎ ഭരണത്തില്‍ യോഗ്യരായ ഡോക്ടര്‍മാര്‍ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്തപ്പോള്‍ രാജ്യത്തിന്റെ ധനക്കമ്മി റെക്കോര്‍ഡ് ഉയരത്തിലായിരുന്നുവെന്ന് സീതാരാമന്‍ തിരിച്ചടിച്ചു.

‘സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നും, ഇത് പരിപാലിക്കുന്നത് യോഗ്യതയില്ലാത്ത ഡോക്ടര്‍മാരാണെന്നുമുള്ള’ ചിദംബരത്തിന്റെ പരിഹാസം മുന്‍നിര്‍ത്തിയാണ് നിര്‍മ്മല സീതാരാമന്റെ ഓര്‍മ്മപ്പെടുത്തല്‍. സാമ്പത്തിക ഉത്തരവാദിത്വ, ബഡ്ജറ്റ് മാനേജ്‌മെന്റ് ആക്ട് (എഫ്ആര്‍ബിഎം) നിര്‍ദ്ദേശിച്ച ധനക്കമ്മി ലക്ഷ്യം മറികടന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സീതാരാമന്‍.

നരേന്ദ്ര മോദി ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും എഫ്ആര്‍ബിഎം ആക്ട് ബഹുമാനിച്ച് അച്ചടക്കം പാലിച്ചിട്ടുള്ളതായി ധനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയ്ക്ക് ഒരു ശതമാനം താഴെ പ്രാഥമിക ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് ഒരു ശതമാനത്തില്‍ താഴെയാക്കി നിര്‍ത്തി, സീതാരാമന്‍ പറഞ്ഞു.

‘ചില കടുത്ത സത്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കണം. 2008-09ല്‍ ധനക്കമ്മി 6.1 ശതമാനവും, 2009-10 6.6 ശതമാനം, 2010-11 4.9 ശതമാനം, 2011-12 5.9 ശതമാനം, 2012-13 4.9 ശതമാനം, 2013-14 4.5 ശതമാനം. നമ്മള്‍ ധനക്കമ്മിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പരമയോഗ്യരായ ഡോക്ടര്‍മാര്‍ സമ്പദ് വ്യവസ്ഥയെ ഈ വിധമാണ് കൈകാര്യം ചെയ്തത്’, അവര്‍ വ്യക്തമാക്കി.

Top