ആരോഗ്യമന്ത്രി നടത്തേണ്ട പ്രസ്താവന എന്തു കൊണ്ട് ധനമന്ത്രി നടത്തി? കാരണം ഇതാണ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ ധനമന്ത്രി നിര്‍മലാ സീതാരാമനാണ് അറിയിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ആരോഗ്യമന്ത്രി നടത്തേണ്ട പ്രസ്താവന എന്തുകൊണ്ട് ധനമന്ത്രി നടത്തി എന്ന ചോദ്യവുമായി പ്രമുഖ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ ചെയര്‍മാന്‍ കിരണ്‍ മജുംദാര്‍ ഷാ രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു കരണിന്റെ വിമര്‍ശനം.

കരണിന്റെ ചോദ്യത്തിന് മറുപടിയുമായി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

“ക്യാബിനറ്റ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ളതായിരുന്നു ആ പത്രസമ്മേളനം. വിഷയം പരിഗണിച്ച മന്ത്രിതലസമിതിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്കാണ് താന്‍ ഇവിടെ സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പത്രസമ്മേളനം തുടങ്ങിയത്. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായായി ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിദേശത്തായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറിയും തനിക്കൊപ്പമുണ്ടായിരുന്നു”- നിര്‍മല ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ധനമന്തരിയുടെ മറുപടിയ്ക്ക് പിന്നാലെ ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായെന്നും തന്റെ ആശയക്കുഴപ്പം മാറിയെന്നും പ്രതികരണത്തിന് നന്ദിയെന്നും കിരണ്‍ ട്വീറ്റ് ചെയ്തു.

ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് ഇ സിഗരറ്റ് നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിമാരുടെ സമിതി ഇന്നെല വിലയിരുത്തിയിരുന്നു.

ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം നിലവില്‍ വരുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി.

Top