രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല; മന്‍മോഹന്‍ സിങിന് മറുപടി നല്‍കാനില്ലെന്ന്…

Nirmala Sitharaman

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആശങ്കാജനകമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങിന്റെ പ്രസ്തവനയില്‍ പ്രതികരിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാംരാമന്‍ രംഗത്ത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും സാമ്പത്തിക നില സംബന്ധിച്ച് മന്‍മോഹന്‍ സിങ് ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാനില്ലെന്നും നിര്‍മല സീതരാമന്‍ പറഞ്ഞു.

ഏതെങ്കിലും മേഖലയ്ക്ക് പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി നിരക്ക് കുറയ്ക്കല്‍ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അസംഘടിത മേഖലയിലെ കൃത്യമായ കണക്ക് ലഭിക്കേണ്ടതുണ്ട്. എല്ലാ മേഖലകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. ബാങ്കുകളുടെ ലയനം മൂലം ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല. ലയനം ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്നാണ് മന്‍മോഹന്‍സിംഗ് പറഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏറ്റവും മന്ദഗതിയിലായ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി മന്‍മോഹന്‍സിംഗ് രംഗത്ത് എത്തിയത്.

Top