കൊളോണിയല്‍ പാരമ്പര്യത്തിന് വിട ; ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞ് ധനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് എന്ന വാക്ക് തന്നെ രൂപപ്പെട്ടത് ബൂജറ്റ് (ചെറിയ തുകല്‍ പെട്ടി) എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ്. അതിനാല്‍ ബജറ്റ് അവതരണം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഒരു പെട്ടിയും തൂക്കി പിടിച്ച് സഭയിലേക്ക് എത്തുന്ന ധനകാര്യ മന്ത്രിമാരുടെ രൂപമായിരിക്കും.

കൊളോണിയല്‍ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ അല്‍പം വ്യത്യസ്തമായി ധനമന്ത്രി ചുവന്ന തുണിയില്‍ പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ചിട്ടുണ്ട് ഇതിന് മുകളില്‍.

പാശ്ചാത്യ ചിന്തയുടെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ വേര്‍പ്പെടുന്നതിന്റെ പ്രതീകമായിട്ടാണ് പുതിയ മാറ്റത്തെ കാണുന്നത്. ഇതൊരു ബജറ്റല്ല മറിച്ചൊരു ലഡ്ജര്‍ (കണക്കു പുസ്തകം) ആണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി സഹമന്ത്രിമാര്‍ക്കൊപ്പം രാഷ്ട്രപതിയേയും നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. നിര്‍മലാ സീതാരാമന്റെ അച്ഛന്‍ നരായണന്‍ സീതാരാമനും അമ്മ സാവിത്രിയും ബജറ്റ് അവതരണം കാണുന്നതിനായി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന വിശേഷണം കൂടി നിര്‍മലാ സീതാരാമനുണ്ട്.

Top