യുകെയുടെ നൂറ് കരുത്തരായ വനിതകളുടെ പട്ടികയില്‍ നിര്‍മ്മല സീതാരാമനും

nirmala-sitharaman

ലണ്ടന്‍: യു.കെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും .’ 100-മോസ്റ്റ് ഇന്‍ഫ്‌ലുവന്‍ഷ്യല്‍ ഇന്‍ യു കെ-ഇന്ത്യ ; സെലിബ്രെറ്റിംഗ് വുമന്‍ ‘ എന്ന പട്ടികയിലാണ് നിര്‍മ്മല സീതാരാമന്‍ ഇടം പിടിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ച നിര്‍മ്മല പ്രതിരോധ മന്ത്രിയായിരിക്കെ ചെയ്ത പ്രവര്‍ത്തനങ്ങളാണ് പട്ടികയില്‍ ഇടം നേടാന്‍ കാരണമായത്.

ലണ്ടനിലെ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് പട്ടിക പുറത്ത് വിട്ടത്. നിര്‍മ്മലയെ കൂടാതെ, ബ്രിട്ടന്റെ പ്രതിരോധ സ്റ്റേറ്റ് സെക്രട്ടറി പെന്നി മൊര്‍ഡോണ്ട്, യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാം എന്നിവരുടെ പേരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രാഷ്ട്രീയം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ദിരഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധ വകുപ്പിലേക്ക് എത്തുന്ന വനിതയാണ് നിര്‍മ്മല സീതാരാമന്‍. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ പബ്‌ളിക്ക് പോളിസി സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അവര്‍ ലണ്ടനിലെ പ്രൈസ് വാട്ടര്‍ഹൗസിന്റെ സീനിയര്‍ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003- 2005 ല്‍ ദേശീയ വനിത കമ്മീഷന്‍ അംഗമായിരുന്നു.

Top