നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്.

കോവളത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തിയ മന്ത്രി ഇന്ന് വിഴിഞ്ഞത്തെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. അവലോകന യോഗത്തിന് ശേഷമായിരിക്കും മന്ത്രിയുടെ വിഴിഞ്ഞം സന്ദര്‍ശനം. ജില്ലാ കളക്ടര്‍, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വിഴിഞ്ഞത്തിന് പുറമെ പൂന്തുറ,പൂവാര്‍ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിക്കും.

ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തിയ മന്ത്രി കന്യാകുമാരിയില്‍ ഓഖി ചുഴലിക്കാറ്റ് വിതച്ച നഷ്ടങ്ങള്‍ വലയിരുത്തി. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തി പഴയാറ് വെള്ളം കെട്ടിയ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.നാഗര്‍കോവില്‍, ചുങ്കാന്‍കട,വില്ലുക്കുറി കാരവിള ഭാഗങ്ങളിലെ കൃഷിനാശവും മന്ത്രി വിലയിരുത്തി.

Top