അറുപത് വർഷം ഒന്നും ചെയ്യാതിരുന്നവർ . . ബി.ജെ.പിയെ ദളിത് വിരുദ്ധരാക്കേണ്ടന്ന് . .

nirmala

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ ദളിത് വിരുദ്ധമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗനിയമം ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 60 വര്‍ഷമായി ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു

”സര്‍ക്കാര്‍ എപ്പോഴും ദളിതര്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും ഒപ്പമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമം ഭേദഗതി ചെയ്യണമെന്ന ഉത്തരവിട്ടത് സുപ്രീം കോടതിയാണ്. അത് സര്‍ക്കാരിന്റെ തീരുമാനമല്ല. ദളിതര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന മാറ്റമാണ് നിയമത്തില്‍ വേണ്ടത്. നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കില്ല”-നിര്‍മല സീതാരാമന്‍ പറഞ്ഞു. മോദി സര്‍ക്കാരിനോളം ചോദ്യം ചെയ്യപ്പെട്ട മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കിയതും അത് പിന്‍വലിച്ചതും വലിയ വിവാദമായിരുന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അവിശ്വസിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു ഈ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. കപില്‍ സിബലിന്റെ കാലത്ത് ഐടി ആക്ടില്‍ സെക്ഷന്‍ 66 എ കൊണ്ടുവന്നപ്പോള്‍ ആരും സര്‍ക്കാരിനെ അവിശ്വസിച്ചില്ല. അപകീര്‍ത്തിപ്പെടുത്തലുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയുടെ കാലത്ത് പുതിയ നിയമം വന്നപ്പോഴും അതുണ്ടായില്ല. എന്നാല്‍ ഇന്ന് എല്ലാം വിമര്‍ശിക്കപ്പെടുന്നു എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രതിരോധവകുപ്പിന്റെ പൂര്‍ണചുമതല വഹിക്കുന്ന വനിതയാണ് നിര്‍മല സീതാരാമന്‍. ഒരു കാരണവശാലും പാക്കിസ്ഥാനെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. അത്തരം ശ്രമങ്ങളുണ്ടായാല്‍ അതിര്‍ത്തിയില്‍ തന്നെ അത് നശിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍

Top