ഭാര്യയുമായുള്ള കൂടിക്കാഴ്ച കുല്‍ഭൂഷണിന്റെ ധീരത ഉയര്‍ത്തുമെന്ന് പ്രതിരോധമന്ത്രി

NIRMMALA SITHARAM

ഗാന്ധിനഗര്‍: ഭാര്യയുമായുള്ള കൂടിക്കാഴ്ച പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ ധാര്‍മിക ധീരത വര്‍ധിപ്പിക്കുമെന്നും ശക്തമായി തുടരാന്‍ സഹായിക്കുമെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.

കുല്‍ഭൂഷണെ ഇന്ത്യയിലേക്കു തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് നിരവധി നടപടി ക്രമങ്ങളുണ്ടെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് കുല്‍ഭൂഷണിന്റെ കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്.

നേരത്തെ, ജാദവിന്റെ അമ്മ വിസ അനുവദിക്കണം എന്നാവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ജാദവ് ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണു പാക് ചാരസംഘടന ഐഎസ്ഐ പറയുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാണ് ജാദവ്.

Top