ആയുധ ക്ഷാമമെന്ന സിഎജി റിപ്പോര്‍ട്ട് തെറ്റ്: നിര്‍മല സീതാരാമന്‍

NIRMMALA SITHARAM

ന്യൂഡല്‍ഹി: സൈന്യത്തിന് ആവശ്യമായ യുദ്ധോപകരണങ്ങളില്ലായെന്ന സിഎജി റിപ്പോര്‍ട്ട് തെറ്റെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍.

ആയുധങ്ങള്‍ വാങ്ങുക എന്നത് തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ ആയുധങ്ങളുടെ ലഭ്യതയെ പറ്റിയോ സൈന്യത്തിന്റെ ശക്തിയെ പറ്റിയോ ആര്‍ക്കും സംശയം ഉണ്ടാവേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

സൈന്യത്തിന്റെ പക്കല്‍ ആവശ്യത്തിന് വെടിക്കോപ്പുകളില്ലാ എന്ന് ഈയിടെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധം ഉണ്ടായാല്‍ കേവലം 15 ദിവസം പിടിച്ചു നില്‍ക്കാനുള്ള ആയുധങ്ങളെ സൈന്യത്തിന്റെ കൈവശമുള്ളു എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ആയുധങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു.

പ്രതിരോധ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം റിപ്പോര്‍ട്ട് സംബന്ധിച്ച് താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്നം നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

Top