ദോക്‌ലാം വിഷയം ; ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന

china_india

ബെയ്ജിംഗ്: ദോക്‌ലാം വിഷയത്തില്‍ എത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന രംഗത്ത്. ദോക്‌ലാം തങ്ങളുടേതാണെന്നും, ഇത് വരെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നുമാണ് ചൈന പറയുന്നത്. ദോക്‌ലാമുമായി ചൈനയ്ക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും സ്വന്തം സ്ഥലത്താണു ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിംഗ് വ്യക്തമാക്കി.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 9, 10 തീയതികളില്‍ ചൈന സന്ദര്‍ശിക്കുന്നു എന്നത് ചൈനയുമായുള്ള ഇന്ത്യയുടെ നയങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ക്വിങ്‌ദോയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തുന്നത്. ഇക്കാര്യം ബംബാവാലെ സ്ഥിരീകരിച്ചിട്ടുമുട്ട്.

ദോക്‌ലാമില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.
ശത്രുക്കള്‍ക്കെതിരായ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം ദോക്‌ലാമില്‍ സംഘര്‍ഷം ഉടലെടുത്തത്. ജൂണില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഓഗസ്റ്റ് 28 ഓടെയാണ് അവസാനിച്ചത്. ദോക്‌ലാമില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡുകളും സൈനിക പോസ്റ്റുകളും ട്രഞ്ചുകളും നിര്‍മ്മിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി നേരത്തെ തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ ശ്രദ്ധ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു. ദോക്‌ലാമിലെ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് കരസേനാ മേധാവിയുടെ പ്രതികരണമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

Top