രാജ്യത്തിന്റെ പ്രതിച്ഛായ മോദി ഉയര്‍ത്തുമ്പോള്‍ പ്രതിപക്ഷം ഇകഴ്ത്തുന്നെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ധനമന്ത്രി പ്രതിപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

‘100 കോടി വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ അഭിനന്ദിച്ചു. എന്നാല്‍, തുടക്കം മുതല്‍ വാക്‌സിനേഷനെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത് നാം മറന്നിട്ടില്ല. വാക്‌സിനേഷനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36000 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചത്”. നിര്‍മലാ സീതാരാമന്‍ ചൂണ്ടികാട്ടി.

പ്രതിരോധ മേഖലയിലും സൈന്യത്തിലും വനിതകളുടെ പ്രവേശനമുണ്ടാകും. സ്ത്രീ കേന്ദ്രീകൃത വികസനമാണ് ഞങ്ങളുടെ അജണ്ടയെന്നും ധനമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത നിരവധി നേതാക്കള്‍ വാക്‌സിനേഷനെയും കൊവിഡ് കാലത്ത് പാവങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയതും പ്രകീര്‍ത്തിച്ചു.

80 കോടി ജനങ്ങള്‍ക്ക് എട്ട് മാസത്തോളം ഭക്ഷണം നല്‍കി. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കി. ഇതുമൂലം കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ജോലിയെടുക്കുന്നിടത്ത് റേഷന്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെ ഭീകരവാദം ഇല്ലാതായെന്നും അവര്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ 56201 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ബംഗാളില്‍ ആക്രമണം നേരിടുന്ന ഓരോ പ്രവര്‍ത്തകനുമൊപ്പമാണ് പാര്‍ട്ടിയെന്നും സുതാര്യമായ ഭരണമാണ് ഡിജിറ്റല്‍ ഇന്ത്യ വഴി നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.

Top