എച്ച്എഎല്ലിന് 26,700 കോടി രുപയുടെ കരാര്‍ കിട്ടി, സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല: നിര്‍മ്മല സീതാരാമന്‍

Nirmala Sitharaman

ന്യൂഡൽഹി: എച്ച്എഎല്ലിന് 26,700 കോടി രുപയുടെ കരാർ കിട്ടിക്കഴിഞ്ഞെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. 75000 കോടിയുടെ കരാർ നടപടികൾ തുടരുകയാണെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിർമ്മല സീതാരാമനെതിരായ അവകാശലംഘന നോട്ടീസ് പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് സഭയിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. സഭയിൽ ബഹളം വെച്ച അഞ്ച് അംഗങ്ങളെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. നാളെ വരെയാണ് സസ്‌പെൻഷൻ.

റഫാൽ ഇടപാടിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് (എച്ച്എഎൽ) ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്ന ലോക്‌സഭയിലെ പരാമർശത്തിനെതിരെയാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നൽകിയത്. എച്ച് എ എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചുവെന്നും നടപടി വേണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.

പ്രതിരോധ മന്ത്രിക്കെതിരെ നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) 1 ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയിട്ടുണ്ടെങ്കിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഒന്നുകിൽ ഇതു സംബന്ധിച്ച രേഖകൾ സഭയിൽ വയ്ക്കണം,അല്ലെങ്കിൽ രാജി വയ്ക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Top