ഡല്‍ഹിയില്‍ കെജ്രിവാളിനെതിരെ നിര്‍ഭയയുടെ അമ്മ കോണ്‍ഗ്രസ് ടിക്കറ്റില്‍; അഭ്യൂഹങ്ങള്‍ തള്ളി

nirbhaya-mother

2012 നിര്‍ഭയ കൂട്ടബലാത്സംഗ, കൊലപാതക കേസില്‍ അന്തിമവിധി നടപ്പാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ കളികള്‍ നടമാടുകയാണ്. ഇതിനിടെയാണ് നിര്‍ഭയയുടെ അമ്മ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നത്. അതും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നതായാണ് പ്രചരണം നടന്നത്.

എന്നാല്‍ ഈ അഭ്യൂഹങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് നിര്‍ഭയയുടെ അമ്മ വ്യക്തമാക്കി. പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ അവര്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലെന്നാണ് നിര്‍ഭയയുടെ അമ്മയുടെ നിലപാട്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഏതെങ്കിലും പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്താല്‍പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്ത ട്വീറ്റാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിര്‍ഭയയുടെ അമ്മ മത്സരിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ പരത്തിയത്. ഈ ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് റിട്വീറ്റ് ചെയ്തു. നിര്‍ഭയയുടെ അമ്മയ്ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം എന്നാണ് ആസാദ് കുറിച്ചത്. ഇതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ അവസാനവട്ട നിയമ പ്രതിബന്ധങ്ങള്‍ കടക്കുന്ന ഘട്ടത്തിലാണ് അഭ്യൂഹങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചത്. നാല് പേരില്‍ ഒരാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിട്ടുണ്ട്. ബാക്കി മൂന്ന് പേരും ദയാഹര്‍ജി നല്‍കിയിട്ടില്ല.

Top