നിര്‍ഭയകേസ് ; പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കെ കേസിലെ പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി.അതിനാല്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകും. വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ.പി സിങ്ങാണ് ദയാഹര്‍ജി സമര്‍പ്പിച്ച വിവരം അറിയിച്ചത്.

കേസിലെ മറ്റൊരു പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെയാണ് മുകേഷ് കുമാര്‍ സിങ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തുവെന്നു കരുതി അതു രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അതു പരിശോധിച്ചാണു ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു.

കേസിലെ മറ്റു പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരും ഉടന്‍ തന്നെ ദയാഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Top