‘ഇനി കളി നടക്കില്ല, വേണമെങ്കില്‍ വീട്ടുകാരെ കാണാം’; നിര്‍ഭയ കേസിലെ പ്രതികളോട് ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കി തിഹാര്‍ ജയില്‍ അധികൃതര്‍. പ്രതികളായ അക്ഷയ്, വിനയ് ശര്‍മ്മ എന്നിവര്‍ക്ക് വീട്ടുകാരെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കുവാന്‍ ശ്രമം നടത്തിയിരുന്നു. സെല്ലിനുള്ളിലെ ഭിത്തിയില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഡല്‍ഹി പട്യാല ഹൗസ്‌കോടതി ഇന്ന് പരിശോധിക്കും.

സ്വന്തം കുടുംബാംഗങ്ങളെ പോലും ഇയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകനായ എ.പി സിംഗ് കോടതിയെ അറിയിച്ചിരുന്നു. വിനയ് ശര്‍മയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കും. ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ഓരോകാരണങ്ങള്‍ പറഞ്ഞ് ഹര്‍ജി നല്‍കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.

Top