ആ മകള്‍ക്ക് നീതി കിട്ടി, ഇനി എന്റെ മകള്‍; സന്തോഷം പങ്കുവെച്ച് നിര്‍ഭയയുടെ അമ്മ

nirbhaya-mother

ന്യൂഡല്‍ഹി: യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കിയതില്‍ സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ ഉയരുന്നത്. നിയമം കയ്യിലെടുത്തതിന് പൊലീസിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

‘കഴിഞ്ഞ ഏഴുവര്‍ഷമായി തന്റെ മകളെ ക്രൂരമായി കൊന്നവര്‍ക്ക് തൂക്ക് കയര്‍ വിധിക്കുന്നതും കാത്തിരിക്കുകയാണ് ഞാന്‍. നിര്‍ഭയയുടെ കുറ്റവാളികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന് രാജ്യത്തെ സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ആശാ ദേവി എഎന്‍ഐയോട് പ്രതികരിച്ചു.

നവംബര്‍ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ട്. കേസില്‍ നാല് പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താന്‍ സംഭവസ്ഥലത്ത് എത്തിച്ചതായിരുന്നു പ്രതികളെ ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികള്‍ തിഹാര്‍ ജയിലില്‍ തുടരുകയാണ്.

Top