നിര്‍ഭയ കേസ്; മൂന്ന് പ്രതികളെ നാളെ തൂക്കിലേറ്റും, വിനയ് ശര്‍മ്മയുടെ ശിക്ഷ പിന്നീട്‌

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വിനയ് കുമാര്‍ ശര്‍മ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളെ തൂക്കിക്കൊല്ലാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. കുറ്റവാളി വിനയ് കുമാര്‍ ശര്‍മയുടെ ദയാഹര്‍ജി നിലനില്‍ക്കെയാണ് മറ്റ് മൂന്ന് പ്രതികളായ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ ഫെബ്രുവരി 1ന് തൂക്കിലേറ്റാമെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.

വിനയ് ശര്‍മയുടെ ദയാഹര്‍ജി പരിഗണിച്ച് വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ കെ ജെയ്ന്‍ വ്യാഴാഴ്ച തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കെതിരേ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനയ് കോടതിയെ സമീപിച്ചതിന് ശേഷമാണ് ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

ദയ അപേക്ഷയും മറ്റ് നിയമ പരിഹാരങ്ങളും നിശ്ചയിക്കുന്നതുവരെ കുറ്റവാളികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് വിനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ പി സിംഗ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പരിഗണനയിലാണ്. എന്നാല്‍ സംഭവം നടന്നപ്പോള്‍ താന്‍ ജുവനൈല്‍ ആണെന്ന അവകാശവാദം തള്ളാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരെ കുറ്റവാളി പവന്‍ ഗുപ്ത റിവ്യൂ ഹര്‍ജി നല്‍കി.

2012 ഡിസംബര്‍ 16നായിരുന്നു ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ വെച്ച് 23 കാരിയായ യുവതി ക്രൂര കൂട്ടബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ചികിത്സയിലായ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. ഇതില്‍ ആറ് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ലൈംഗികാതിക്രമം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരായി. മറ്റൊരു പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു

എന്നാല്‍ കുറ്റവാളികളില്‍ നാലുപേരെ 2013 സെപ്റ്റംബറില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2014 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി വിധി സ്ഥിരീകരിക്കുകയും 2017 മെയ് മാസത്തില്‍ സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇത് അവരുടെ അവലോകന ഹര്‍ജിയും 2018 ജൂലൈയില്‍ തള്ളിയിരുന്നു.

Top