സ്ത്രീ സുരക്ഷയ്ക്ക് 10,000 കോടി; എന്നിട്ടും ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; കാരണം ?

2012ലെ ഡല്‍ഹി കൂട്ടബലാത്സംഗ കൊലപാതകത്തിന് പിന്നാലെയാണ് 2013ല്‍ നിര്‍ഭയ ഫണ്ട് രൂപീകരിച്ചത്. സ്ത്രീ സുരക്ഷയ്ക്കുള്ള പണം നല്‍കാനാണ് നിര്‍ഭയയുടെ പേരില്‍ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പതിനായിരം കോടി രൂപയാണ് ഇതിലേക്ക് നല്‍കിയത്. എന്നാല്‍ ഈ ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ കടന്നിട്ടും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.

തെലങ്കാനയിലെ വെറ്റിനറി ഡോക്ടറുടെയും, ബിഹാര്‍, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളും രാജ്യത്ത് ആശങ്ക ബാക്കിയാക്കുന്നു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പണം സുരക്ഷ ഉറപ്പാക്കാനായി ചെലവാക്കുകയാണ് വേണ്ടത്. ഇതുവരെ 2050 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടെന്ന് വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

1656 കോടി രൂപ ആഭ്യന്തര മന്ത്രാലയം നല്‍കിയെങ്കിലും ഫണ്ട് വിനിയോഗം മാത്രം എങ്ങും എത്തിയില്ല. വനിതാ ശിശുക്ഷേമ മന്ത്രാലയം നല്‍കിയ ഫണ്ടില്‍ 20 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ ചെലവഴിച്ചത്. 9 ശതമാനം ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം നല്‍കിയ ഫണ്ടില്‍ 146.98 കോടി മാത്രമാണ് വിനിയോഗിച്ചത്.

മഹാരാഷ്ട്ര, മണിപൂര്‍, മേഘാലയ, സിക്കിം, ത്രിപുര, ഡാമന്‍ ഡിയു എന്നിവിടങ്ങളില്‍ നിര്‍ഭയ ഫണ്ടിലെ ഒരു രൂപ
പോലും ചെലവാക്കിയില്ല. വെറ്റിനറി ഡോക്ടറുടെ കൊല നടന്ന തെലങ്കാനയില്‍ ലഭിച്ച 103 കോടിയില്‍ വെറും 4 കോടി മാത്രമാണ് ചെലവാക്കിയത്. സുരക്ഷയ്ക്കായി വിനിയോഗിക്കാന്‍ ഫണ്ടുള്ളപ്പോഴാണ് ഈ അവസ്ഥ.

Top