ദിവസങ്ങള്‍ എണ്ണി നിര്‍ഭയ കുറ്റവാളികള്‍; തിഹാര്‍ ജയില്‍ അധികൃതര്‍ വിഷമത്തില്‍!

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളികള്‍ക്ക് മുന്നില്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വാതിലുകള്‍ അടയ്ക്കപ്പെടുകയാണ്. വധശിക്ഷ ഏത് ദിവസവും നടപ്പാക്കാം എന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ വിഷമത്തിലാണ്. പ്രതികളെ തൂക്കിക്കൊല്ലുന്നത് കൊണ്ടുള്ള വിഷമമല്ല, മറിച്ച് ഇവരെ തൂക്കാന്‍ ആളില്ലാത്തതാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടന്നേക്കുമെന്നാണ് ജയില്‍ അധികൃതരുടെ കണക്കുകൂട്ടല്‍. കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി ‘ബ്ലാക് വാറണ്ട്’ പുറപ്പെടുവിക്കുന്നതിന് അടുത്ത ദിവസം ഇത് നടത്തും. രാഷ്ട്രപതി ഇവരുടെ ദയാഹര്‍ജി തള്ളിയ ശേഷമാകും വാറണ്ട് പുറത്തിറക്കുക. പാര്‍ലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെയാണ് അവസാനമായി തൂക്കിക്കൊന്നത്.

അന്ന് പൊടുന്നനെ വധശിക്ഷയിലേക്ക് കടക്കേണ്ടി വന്നപ്പോള്‍ ജയില്‍ അധികൃതര്‍ പ്രതിസന്ധിയിലായിരുന്നു. ഇതോടെ ഒരു ജയില്‍ അധികാരി തന്നെ ലിവര്‍ വലിച്ച് കര്‍മ്മം നടത്തി. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ആരാച്ചാരെ തേടുന്ന തിരക്കിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍. ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അവസാന ആരാച്ചാരെ ലഭിച്ചതെന്നതിനാല്‍ ഇവിടുത്തെ ഗ്രാമത്തിലും അന്വേഷണം നടത്തുന്നുണ്ട്.

വധശിക്ഷ അപൂര്‍വ്വമായതിനാലാണ് സ്ഥിരം ആരാച്ചാരെ നിയമിക്കാത്തത്. ഇക്കുറിയും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാകും ആരാച്ചാരെ എത്തിക്കുക. നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ ഈ ആവശ്യം തള്ളി ആഭ്യന്തര മന്ത്രാലയത്തിന് ഫയല്‍ കൈമാറിയിട്ടുണ്ട്. ഇതില്‍ തീരുമാനമായാല്‍ ശിക്ഷ നടപ്പാക്കും. മറ്റ് കുറ്റവാളികളായ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ ദയാഹര്‍ജി നല്‍കിയില്ല.

Top