മരണ വാറന്റ് റദ്ദാക്കണം: പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി തളളി ഹൈക്കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മരണ വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുകേഷ് സിംഗ്‌ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. എന്നാല്‍ മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

നേരത്തെ മുകേഷ് സിംഗ്‌ രാഷ്ട്രപതിക്ക് ദയാ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും നല്‍കിയിരുന്നത്. അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്.

മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു.പിന്നാലെയാണ് മുകേഷ് സിങ് ദയഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റാന്‍ പോകുന്നത്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top