നിര്‍ഭയ; അന്തിമാഭിലാഷങ്ങള്‍ അറിയിക്കാന്‍ പ്രതികള്‍ക്ക് നോട്ടീസയച്ച് ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് മുന്നോടിയായി നോട്ടീസ്. അന്തിമാഭിലാഷങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാതാപിതാക്കളെ കാണുന്നതിലും സ്വത്തുക്കള്‍ കൈമാറുന്നതിനെ സംബന്ധിച്ചും പ്രതികള്‍ യാതൊരുവിധ തീരുമാനമറിയിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും. എപ്പോള്‍ എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തങ്ങളുടെ പേരിലുള്ള സ്വത്ത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. എന്നാല്‍ പ്രതികള്‍ ഇതുവരെ യാതൊരു വിധ മറുപടിയും നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയ മരണവാറണ്ടില്‍ ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം കിട്ടുമെന്ന് തന്നെയാണ് പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപത ഇപ്പോഴും വിശ്വസിക്കുന്നത്.

ഈ മാസം 22-ന് തൂക്കിലേറ്റാനായിരുന്നു ഡല്‍ഹി കോടതി ആദ്യം ഇറക്കിയ മരണ വാറണ്ടിലുണ്ടായിരുന്നത്. പ്രതികള്‍ ദയാ ഹര്‍ജി നല്‍കിയതോടെ വിധി ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top