തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ വിനയ് ശര്‍മ്മ സമര്‍പ്പിച്ച അപേക്ഷ തളളി കോടതി

ന്യൂഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ്മ സമര്‍പ്പിച്ച അപേക്ഷ പട്യാല ഹൗസ് കോടതി തള്ളി. ദയാഹര്‍ജി നല്‍കുന്നതിനാവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്നാരോപിച്ച് വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയത്.

വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നയായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും ആരോപിച്ചു. എന്നാല്‍, ഈ വാദം ജയില്‍ അധികൃതര്‍ നിഷേധിച്ചു. എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.ഇതോടെയാണ് തുടര്‍ ഉത്തരവ് നല്‍കാതെ വിനയ് ശര്‍മയുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചത്.

ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് മുകേഷ് സിംഗ് ഒഴികെയുളള പ്രതികള്‍ പട്യാല ഹൗസ് കോടതിയെയും സമീപിച്ചിട്ടുണ്ട്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികള്‍ തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.

കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Top