നിര്‍ഭയ കേസില്‍ വീണ്ടും ഹര്‍ജി; സംഭവം നടക്കുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. കേസില്‍ തെറ്റായ വാദമാണ് നടന്നതെന്ന് വാദിച്ചാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം. അതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ വധശിക്ഷ പുനപരിശോധിക്കണമെന്ന് പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സമാന ഹര്‍ജിയുമായി പവന്‍ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പവന്‍ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ നേരത്തെ ഡല്‍ഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ദയാഹര്‍ജിയും മറ്റു ഹര്‍ജികളും നല്‍കിയതോടെ വിധി കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Top