നിര്‍ഭയ കേസ്; വധശിക്ഷ നാളെ ? ഡമ്മി പരീക്ഷണം നടത്തി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ നടപ്പാക്കും. ഒരുക്കങ്ങളുടെ ഭാഗമായി തിഹാര്‍ ജയിലില്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കരുതെന്ന വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ പട്യാല ഹൗസ് കോടതി വിധി ഉടനുണ്ടാകും.

വധശിക്ഷ നടപ്പാക്കുന്നതിന് തലേ ദിവസമാണ് ഡമ്മി പരീക്ഷണം നടത്തിയത്. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാര്‍ പവന്‍ കുമാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാല്‍ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കാണിച്ച് പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയും ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.

പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്നാണ് സൂചന. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റൊരു പ്രതി മുകേഷ് സിംഗ് നല്‍കിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

Top