വധശിക്ഷ റദ്ദാക്കണം;നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിക്കുന്നത് 24ലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.

കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ലെന്നുമാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു.

പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേട്ടത്. എന്നാല്‍ പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ പ്രതിഭാഗത്തിന് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിലയിരുത്തിയത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

എന്നാല്‍ മരണവാറന്റ നല്‍കുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെ വധശിക്ഷ നീളുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Top