നിര്‍ഭയ കേസ്: അടവുകള്‍ നിരത്തി വിനയ് ശര്‍മ, ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നിർഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശർമ ജയിലിൽ വച്ച് സ്വയം മുറിവേൽപ്പിക്കുവാൻ ശ്രമിച്ചു. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ. സെല്ലിനുള്ളിലെ ഭിത്തിയില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്.

ഫെബ്രുവരി 16 നാണ് സംഭവം. ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കി. വിനയ് ശര്‍മയുടെ പരിക്ക് നിസാരമാണെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

വിനയ് ശര്‍മ നിരാഹാര സമരത്തിലാണെന്ന് ഇയാളുടെ അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ വധശിക്ഷ നടത്താന്‍ പാടില്ലെന്ന് നേരത്തെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.

Top