അവസാന കച്ചിത്തുരുമ്പും പിടിവിട്ടു; മുകേഷ് സിങിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ അവസാന കച്ചിത്തുരുമ്പായി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. രാജസ്ഥാനില്‍ നിന്ന് മറ്റൊരു കേസില്‍ അറസ്റ്റുചെയ്ത മുകേഷ് സിങ്ങിനെ 2012 ഡിസംബര്‍ 17നാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

മാര്‍ച്ച് 20നാണ് പ്രതികളെ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മാര്‍ച്ച് അഞ്ചിനാണ് വിചാരണ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

തിഹാര്‍ ജയിലില്‍ കടുത്ത പീഡനം നേരിടേണ്ടി വന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവകാശവാദങ്ങളെല്ലാം കോടതി തള്ളി. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി സമര്‍പ്പിച്ചതിന്റെ പേരില്‍ മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ എം.എല്‍ ശര്‍മയെ കോടതി വിമര്‍ശിച്ചു.വാര്‍ത്താ ഏജന്‍സിയാണി ഇത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാക്കുന്നതിനുവേണ്ടി പ്രോസിക്യൂഷന്‍ തെളിവുകള്‍ പലതും മറച്ചുവച്ചുവെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

Top