നിര്‍ഭയക്ക് നീതി കിട്ടാന്‍ ഇനിയും കാത്തിരിക്കണോ? തിരുത്തല്‍ ഹര്‍ജി നല്‍കി പ്രതികളില്‍ ഒരാള്‍

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം നിര്‍ഭയയ്ക്ക് നീതി കിട്ടുന്നു എന്നറിഞ്ഞ് രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്. നിര്‍ഭയയുടെ കൊലപാതകികള്‍ക്ക് മരണ വാറണണ്ട് പുറപ്പെടുവിച്ചതു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി പ്രതികരണങ്ങളായിരുന്നു വന്നിരുന്നത്.

അതേസമയം പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുത്തല്‍ ഹര്‍ജി നല്‍കി. അഭിഭാഷകര്‍ മുഖേനയാണ് വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം വേണമെന്ന് നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 22 ന് രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കികൊല്ലാനാണ് പട്യാല കോടതിയുടെ മരണവാറന്റ്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തര്‍ പ്രദേശ് ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടുനല്‍കും. പ്രതികളെ തൂക്കിക്കൊല്ലാനുള്ള കയര്‍ ബക്‌സര്‍ ജയിലില്‍ നിന്നെത്തിക്കും. പത്ത് തൂക്ക് കയറുകള്‍ നല്‍കാനാണ് ജയില്‍ ഡയറക്ട്രേറ്റില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുത്തല്‍ ഹര്‍ജി നല്‍കിയതോടെ ശിക്ഷാ നടപടികള്‍ ഇനിയും നീണ്ടുപോകുമോ, സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇനി നിര്‍ണ്ണായകമാകുന്നത്.

Top