ഞങ്ങളെ പോലെയാകരുത്, ഹൈദരാബാദ് പെണ്‍കുട്ടിക്ക് അതിവേഗം നീതി വേണമെന്ന് നിര്‍ഭയയുടെ അമ്മ

Violence

2012ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തില്‍ അതിക്രൂരമായ കൊലപാതകത്തിന് ഇരയായ ആ 23കാരി ഇന്നും രാജ്യത്തിന് ഉണങ്ങാത്ത മുറിവാണ്. ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഒരു വെറ്റിനറി ഡോക്ടര്‍ സമാനമായ പീഡനത്തിനും മരണത്തിനും ഇരയായതോടെ രോഷം ആളിക്കത്തുകയാണ്. നിര്‍ഭയ എന്നപേര് നേടിയ ആ പെണ്‍കുട്ടിയുടെ അമ്മ ഹൈദരാബാദിലെ പീഡന കൊലപാതകത്തെ
പൈശാചികമെന്നാണ് വിശേഷിപ്പിച്ചത്.

‘ഏഴ് വര്‍ഷമായി നീതിക്ക് വേണ്ടി പോരാടുന്ന ഞങ്ങളുടെ അവസ്ഥയാകരുത്. അവള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം. ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കുന്നതിന്റെ പ്രതിഫലനം ഭരണകൂടത്തിന്റെ നിലപാടുകളില്‍ ഉണ്ടാകണം’, അവര്‍ ചൂണ്ടിക്കാണിച്ചു. നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന ഒരു കുറ്റവാളിയുടെ ദയാഹര്‍ജി തള്ളാന്‍ നിര്‍ദ്ദേശിച്ച ഡല്‍ഹി സര്‍ക്കാരിന്റെ നിലപാടില്‍ സന്തോഷമുണ്ടെന്നും അമ്മ
കൂട്ടിച്ചേര്‍ത്തു.

2012 ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയാണ് പ്രസിഡന്റ് രാം നാഥ് കേവിന്ദ് മുന്‍പാകെ എത്തിയത്. ഹര്‍ജി തള്ളണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച ഫയല്‍ ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് അയച്ചു.

ദയാഹര്‍ജി തള്ളണമെന്ന നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. ഇനിയെങ്കിലും പ്രതികളെ തൂക്കിക്കൊല്ലുമെന്നാണ് പ്രതീക്ഷ നിര്‍ഭയയുടെ അമ്മ പറഞ്ഞു. കേസിലെ അഞ്ചില്‍ പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ്മ.

Top