പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Nirav MODI

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പു കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ 170 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് ആണ് സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തരവിറക്കിയത്. പണമിടപാട് നിരോധന നിയമപ്രകാരമാണ് നടപടി.

മോദിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സൂറത്തിലെ പൗദ്ര എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇവയ്ക്ക് 73 കോടിയോളം രൂപ മതിപ്പ് വില വരും. കമ്പോളത്തില്‍ 63 കോടി രൂപ മതിപ്പ് വിലയുള്ള അന്തേരിയിലെ എച്ച്.സി.എല്‍ ഹൗസും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.

മോദിയുടെ കാംലെറ്റ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, എ.എന്‍.എം എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വാങ്ങിയ ഓഹരികളുടെ ഇടപാടുകളും മരവിപ്പിച്ചു. കൂടാതെ, മോദി, സഹോദരന്‍ നീഷാല്‍ മോദി, ഇവരുടെ സ്ഥാപനങ്ങള്‍ എന്നിവയുടെ പൊതുമേഖലാ, സ്വകാര്യ മേഖലാ, സഹകരണ ബാങ്കുകളിലെ 108 അക്കൗണ്ടുകളും ഇ.ഡി മരവിപ്പിച്ചു. യൂണിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടക് മഹേന്ദ്ര ബാങ്ക്, സൂറത്ത് പീപ്പിള്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകളാണ് മരവിപ്പിച്ചത്.

Top