നിറപറ എം.ഡി ഇനി അഡ്വക്കറ്റ് . . അനുപമയുടെ നടപടി വഴിത്തിരിവായി !

nirapara case

കൊച്ചി: നിറപറ എം.ഡി ബിജു കര്‍ണ്ണന്‍ അഭിഭാഷക ജോലിയിലേക്ക്. ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന ടി.വി അനുപമ സ്വീകരിച്ച നിലപാടുകള്‍ തനിയ്ക്ക് കൈപ്പേറിയ അനുഭവങ്ങളായിരുന്നു. അന്ന് കോടതികള്‍ കയറി ഇറങ്ങിയതാണ് അഭിഭാഷകനാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ബിജു കര്‍ണ്ണന്‍ തന്റെ ഫെയ്‌സബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരു വര്‍ഷത്തോളം കേസുമായി ബന്ധപ്പെട്ട് നടന്നു എന്നും അഡ്വ. രഞ്ജിത് ശങ്കറിനെപ്പോലുള്ളവരുടെ ഉപദേശങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്നും നിറപറ എംഡി പോസ്റ്റ്‌ലൂടെ പറയുന്നു. കര്‍ണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്‌.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജീവിതത്തിലെ പ്രതിസന്ധികളില്‍ സന്ധിചെയ്യാതെ, തളര്‍ന്നു നില്‍ക്കാതെ, അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു പുതിയ മേഖലയിലേയ്ക്ക് തന്നെ കടന്നെത്തുമ്പോള്‍ ആണ് നമ്മുടെ ആത്മ വിശ്വാസവും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിക്കുന്നത്. പ്രതിസന്ധികളുടെ വന്മലകളപ്പോള്‍ തണല്‍ വൃക്ഷങ്ങളുടെ കുളിര്‍ഛായ പകരും.

ഞാന്‍ ഒരു എം ബി എ ബിരുദധാരിയാണ്. എം ബി എ സിലബസ്സില്‍ ലോകമെമ്പാടും പഠന വിഷയമാണ് ഡയറക്റ്റ് മാര്‍കറ്റിംഗ് / സെല്ലിംഗ് . 2011 തുടക്കത്തില്‍ ആണ് ബിഗ് മാര്‍ക്ക് കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വയനാട് പോലീസ് എന്നെ അറസ്റ്റ് ചെയ്യുന്നത് . വളരെ സക്‌സസ്സ്ഫുള്‍ ആയി മുന്നോട്ടു പോയ ഒരു ഡയറക്റ്റ് സെല്ലിംഗ് കമ്പനി ആയിരുന്നു ബിഗ്മാര്‍ക്ക്.

മലേഷ്യ,അമേരിക്ക.. തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഗവ.അപ്പ്രൂവ്ഡ് ആയി നന്നായി നടക്കുന്ന ഒരു ബിസിനസ് ആണ് ഡയറക്റ്റ് സെല്ലിങ്ങ്. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തു ശത്രുതാ മനോഭാവം ഉള്ള ചിലയാളുകള്‍ പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്യിക്കുകയാണ് ഉണ്ടായത്. അന്ന് അറസ്റ്റ് ഉണ്ടാകുന്നതിനു മുന്‍പും പ്രശ്‌നങ്ങള്‍ ആക്കിയേക്കും എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഹൈ കോടതിയിലെയും സുപ്രീം കോടതിയിലേയും അഡ്വക്കേറ്റ്മാരടക്കം അനേകം പേരോട് ലീഗല്‍ അഡൈ്വസ് എടുക്കുകയും അത് ബുക്ക് ആക്കി പഠിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ പ്രെസന്റ് ചെയ്യുകയും ചെയ്തു . പിന്നീട് ഡയറക്റ്റ് സെല്ലിംങ്ങിനെ മണി മാര്‍ക്കറ്റിങ്ങില്‍ നിന്നും തിരിച്ചു കൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് ഗവര്‍മെന്റ് ഇറക്കുകയുണ്ടായി . ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട ഈ കേസിനിടയില്‍ നിയമജ്ഞരുമായി നടത്തേണ്ടി വന്ന സുദീര്‍ഘ ചര്‍ച്ചകളും സുപ്രീം കോടതിയിലെ അഡ്വ.രഞ്ജിത്ത് ശങ്കറിനെ പോലുള്ളവരില്‍ നിന്നുള്ള ഒരു പ്രചോദനവും നിയമകാര്യങ്ങളോട് ഒരു പാഷന്‍ തോന്നാന്‍ കാരണമായി .

പിന്നീട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ശ്രീമതി ടി.വി അനുപമ ഐ.എ.എസ് ഉണ്ടായിരുന്നപ്പോള്‍ ഫുഡ് സേഫ്റ്റി ഡിപാര്‍ട്ട്മെന്റില്‍ നിന്നും നേരിടേണ്ടിവന്ന വളരെ കൈപ്പേറിയ അനുഭവം കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലേയ്ക്ക് തള്ളിവിട്ടപ്പോഴും കേസുകള്‍ നടത്തുന്നതിനായി വീണ്ടും ഹൈകോര്‍ട്ടിലെയും സുപ്രീം കോര്‍ട്ടിലെയും ധാരാളം നിയമജ്ഞരെ സമീപിക്കേണ്ടിവന്നപ്പോഴും പെറ്റീഷന്‍ ഉണ്ടാക്കാന്‍ കൂടെ നില്‍ക്കുകയും കോടതികളില്‍ നിരവധി തവണ പോവേണ്ടി വരികയും ഒക്കെ ചെയ്തപ്പോള്‍ അഡ്വക്കേറ്റ്മാരോടൊപ്പം നമുക്കും ഈ വിഷയങ്ങള്‍ പഠിച്ചു അവതരിപ്പിക്കാന്‍ സാധിക്കുമോ എന്നൊരു ആശയം തോന്നുകയും അതിന്റെ സാക്ഷാത്കാരത്തിനായി നിയമം പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു .അതൊരു വലിയ ആഗ്രഹം ആയിരുന്നു. നിയമം കൃത്യമായി വ്യാഖാനം ചെയ്യുക വഴി കോടതിയില്‍ നിന്നും കിട്ടിയ വലിയ റിലീഫ് വലിയ പ്രചോദനമായി അങ്ങനെ ബംഗലൂരു കര്‍ണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.ബി പാസ്സായി എന്റോള്‍ ചെയ്തു. അതിനു ദൈവത്തിനു നന്ദി. ഇനി മുന്നോട്ടുള്ള കരിയറിലും നിയമം തന്നെ കൈകാര്യം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

Top