Nirapara issue;allegations back, police to inquire about conspiracy

കൊച്ചി: നിറപറക്കെതിരെ ‘ചില കേന്ദ്രങ്ങള്‍’ നടത്തുന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

ആലുവ റൂറല്‍ എസ്പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

അടുത്തയിടെ നിറപറ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അടിസ്ഥാനരഹിതമായ ചില വിവാദങ്ങള്‍ കമ്പനിയെ തകര്‍ക്കുന്നതിന് വേണ്ടി ‘ചില കേന്ദ്രങ്ങള്‍’ ബോധപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണെന്നാണ് നിറപറയുടെ ആരോപണം.

കഴിഞ്ഞ ദിവസം നിറപറയുടെ ഈസി പാലപ്പത്തിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് പരാതി പെട്ടെന്ന് നല്‍കാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചത്.

പാലപ്പ പൊടിയുടെ പാക്കറ്റിനുള്ളില്‍ ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റില്‍ വലിയ തരിയുടെ കൂട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാക്കറ്റ് പൊട്ടിച്ച് മിശ്രിതം വെള്ളത്തില്‍ ചാലിച്ച് ഒരു മുറി തേങ്ങയുടെ പാല്‍ മിക്‌സ് ചെയ്യണമെന്നും അതിന് ശേഷം നാല് ഗ്ലാസ് വെള്ളം ചേര്‍ത്ത് ഈ മിശ്രിതത്തില്‍ ഈസി പാലപ്പത്തിന്റെ പൊടി ചേര്‍ത്ത് 2 മണിക്കൂര്‍ കലക്കിയതിന് ശേഷമാണ് അപ്പമുണ്ടാക്കേണ്ടതെന്ന് പാക്കറ്റിന് പുറത്ത് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ചില വ്യക്തികള്‍ പാലപ്പത്തിന്റെ പൊടി കുറച്ച് കൂടി മാര്‍ദ്ദവം കിട്ടാന്‍ വേണ്ടി മിക്‌സിയില്‍ ഇട്ട് ഇളക്കിയതിന് ശേഷമാണ് ഉപയോഗിക്കാറുള്ളത്.

ഇതേമാതൃക പിന്തുടര്‍ന്ന യുവതി തരിയുടെ പാക്കറ്റ് എടുത്ത് മാറ്റാതെ മിക്‌സിയുടെ ഉള്ളില്‍ ഒഴിച്ച് കലക്കിയതിനാലാവണം പ്ലാസ്റ്റിക്കിന്റെ അവശിഷ്ടം കാണപ്പെട്ടതെന്നാണ് കമ്പനി അധികൃതരുടെ നിഗമനം.

എന്നാല്‍ ഈ കാര്യം മനസിലാക്കാതെയോ അല്ലെങ്കില്‍ മന:പൂര്‍വ്വമോ ഇവര്‍ നിറപറക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും അത് പിന്നീട് ‘ചില കേന്ദ്രങ്ങള്‍’ ഏറ്റെടുത്ത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ തിരൂരില്‍ ചില്ലിചിക്കന്‍ കറിപൗഡര്‍ പാക്കറ്റില്‍ പുഴു കാണപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നിലും ചില ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു.

ഈ രണ്ട് സംഭവങ്ങളിലും പരാതിക്കാര്‍ സാധനം വാങ്ങിയ കടയിലോ,അതല്ലെങ്കില്‍ നിറപറ അധികൃതരുമായോ നേരിട്ട് ബന്ധപ്പെട്ട് പരാതി പറയുന്നതിന് പോലും തയ്യാറാവാതെ പത്രസമ്മേളനം നടത്താനും ഫേസ്ബുക്ക് പോസ്റ്റിടാനും മത്സരിച്ചതാണ് സംശയത്തിനിടയാക്കിയത്.

തിരൂരിലെ പരാതിക്കാരന്‍ വാങ്ങിച്ച ചില്ലിചിക്കന്‍ പാക്കറ്റില്‍ ചെറിയ ദ്വാരങ്ങള്‍ കാണപ്പെട്ടിരുന്നുവത്രെ. ഈ ദ്വാരത്തിലൂടെ ചെറിയ പ്രാണികള്‍ കയറിയതാവാമെന്നാണ് നിഗമനം. ഇത് പരാതിക്കാരന്‍ വാങ്ങി സൂക്ഷിച്ചപ്പോഴുണ്ടായ അപാകത കൊണ്ടാണെന്നാണ് കമ്പനിയുടെ വാദം. ചെറിയ സുഷിരങ്ങളുള്ള പാക്കറ്റ് കണ്ടാല്‍ തന്നെ ആരെങ്കിലും വാങ്ങുമോയെന്ന യുക്തിപരമായ ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

പരാതിക്കാരന്‍ സാധനം വാങ്ങിയ കടയിലോ നിറപറ അധികൃതരോടോ ആദ്യം പരാതി പറയാതെ പത്രമാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും പിന്നീട് ഇപ്പോള്‍ ഈസി പാലപ്പ വിവാദത്തില്‍ സംഭവിച്ചത് പോലെ ബാഹ്യശക്തികള്‍ സംഘടിതമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം അഴിച്ച് വിടുന്നതുമാണ് പരാതിയുമായി മുന്നോട്ട് പോവാന്‍ നിറപറയെ പ്രേരിപ്പിച്ചത്.

സിവിലായും ക്രിമിനലായും അപവാദപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.

ഒരു ഫുഡ് കമ്പനിയെ പ്രതിരോധത്തിലാക്കാന്‍ ഏത് വ്യക്തിക്കും ഇത്തരം ആരോപണങ്ങളിലൂടെ കഴിയുമെന്നും പൊട്ടിച്ച പാക്കറ്റുകള്‍ തെളിവായി പരിഗണിക്കപ്പെടില്ലെന്നുമാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ആര്‍ക്ക് വേണമെങ്കിലും വാങ്ങി പരിശോധിച്ച് സത്യം ബോധ്യപ്പെടാവുന്നതാണെന്ന് നിറപറ വ്യക്തമാക്കി.

ഏത് വിധ പരിശോധനക്കും കമ്പനി തയ്യാറാണെന്നും എന്നാല്‍ അപവാദ പ്രചരണത്തിനെതിരെ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ നിറപറയുടെ കറിപൗഡറില്‍ സ്റ്റാര്‍ച്ചിന്റെ അളവ് കൂടിയത് മുന്‍നിര്‍ത്തി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കൊണ്ടുവന്ന നിരോധനത്തെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നത്.

ആരോഗ്യത്തിന് ഹാനികരമായ ഒരു പദാര്‍ത്ഥവും നിറപറയുടെ ഉല്‍പ്പന്നങ്ങളിലില്ലെന്നും സ്റ്റാര്‍ച്ച് വിഷമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഹൈക്കോടതി റദ്ദാക്കിയത്.

ഫുഡ് മേഖലയില്‍ വന്‍ കിടമത്സരം പ്രമുഖ കമ്പനികള്‍ തമ്മില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നിറപറക്കെതിരായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി മറ്റൊരു പ്രമുഖ ഫുഡ് കമ്പനി പരസ്യ ചിത്രം പുറത്തിറക്കിയതും ദുരൂഹതയുയര്‍ത്തുന്നതാണ്.

ഈ കമ്പനിയുടെ ഒരു പ്രോഡക്ടിന്റെ വിപണോദ്ഘാടനം നടത്തിയത് പ്രമുഖ ഐഎഎസ്-ഐപിഎസ് ദമ്പതികളായിരുന്നു.

സര്‍വ്വീസ് പെരുമാറ്റച്ചട്ടം മറികടന്ന് ഐഎഎസ്-ഐപിഎസ് ദമ്പതികള്‍ സ്വകാര്യകമ്പനിയുടെ ബിസിനസ്സ് പരിപാടിയില്‍ പങ്കെടുത്തത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

Top