നിപ വൈറസ്; രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആര്‍.സഹായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ആവശ്യമെങ്കില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംഘമെത്തും.

സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. നിപ ബാധിച്ച് മരിച്ച 12-കാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും.

അതേസമയം, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പഴൂരില്‍ ഇന്ന് പരിശോധന നടത്തും. കുട്ടിയുടെ വീട്ടില്‍ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. എന്നാല്‍ ആടില്‍ നിന്നല്ല നിപ പകര്‍ന്നതെന്ന് നേരത്തേ ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.

Top