നിപ വൈറസ് ; 33 പേരെ നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആരോഗ്യ വകുപ്പ്

കൊച്ചി : നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 33 പേരെ നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആരോഗ്യ വകുപ്പ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തിനാലും ഇന്‍ക്യുബേഷന്‍ പിരീഡ് പൂര്‍ത്തിയായ സാഹചര്യത്തിലുമാണ് നിരീക്ഷണപ്പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളവരുടേതടക്കം 10 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവായതോടെ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.

അതേസമയം വിദ്യാര്‍ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്നത് സംശയം മാത്രമാണെന്നും ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകളാവശ്യമാണന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് പറഞ്ഞത്. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം. പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകര്‍. ഇവയുടെ സ്രവങ്ങള്‍ വഴിയാണ് നിപ വൈറസ് പകരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top