നിപയെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ നിരീക്ഷണത്തില്‍

nipah 1

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പേര്‍ നിരീക്ഷണത്തില്‍. വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിയ യുവാവിനെയും മറ്റൊരാളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം നിപ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും കേന്ദ്ര സംഘത്തിന്റെ നിരന്തര മേല്‍നോട്ടമുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

ആറ് പേരുടെയും സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.

Top